10:00am 15 November 2026
NEWS
ബാലഗോകുലത്തിന്റെ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സ്കൂളുകളിൽ അനുമതി; വിവാദമായതോടെ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
15/11/2026  06:17 AM IST
nila
ബാലഗോകുലത്തിന്റെ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സ്കൂളുകളിൽ അനുമതി; വിവാദമായതോടെ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി മാസികയുടെ സ്കോളർഷിപ്പ് പരീക്ഷ സ്കൂളുകളിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയതിനെച്ചൊല്ലി വിവാദം. പരീക്ഷ നടത്താൻ ദേശീയ അധ്യാപക പരിഷത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ഉത്തരവാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. വിഷയം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടി.

ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന 'യങ് സ്കോളർ എക്സാം' എന്ന പരീക്ഷയ്ക്കാണ് സ്കൂളുകളിൽ നടത്താൻ അനുമതി ലഭിച്ചത്. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് പരീക്ഷയിൽ പങ്കെടുപ്പിക്കുന്നത്. സംഘപരിവാർ അനുകൂല അധ്യാപക സംഘടനയായാണ് ദേശീയ അധ്യാപക പരിഷത്ത് അറിയപ്പെടുന്നത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി.

പരീക്ഷയുടെ സ്കൂൾതല ഘട്ടം ഒക്ടോബർ 30ന് പൂർത്തിയായിരുന്നു. നവംബർ 14ന് സബ്ജില്ലാ തല പരീക്ഷയും നടന്നു. ജില്ലാ തല പരീക്ഷ നവംബർ 22നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടെയാണ് സ്കൂളുകളിൽ പരീക്ഷ നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നത്.

സർക്കാർ സ്കൂളുകളിൽ ഇത്തരം പരീക്ഷകൾക്ക് അനുമതി നൽകിയതിനെച്ചൊല്ലിയുള്ള ചർച്ചകൾ ശക്തമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ ഇടപെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img